കൊച്ചി: ഡോക്ടറുടെ അനുമതിയോടെ മാത്രം വാങ്ങാനും ഉപയോഗിക്കാനും കഴിയുന്ന 46 ഗുളികകളുമായി പശ്ചിമബംഗാൾ സ്വദേശി റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. ബസിർഹട്ട് സ്വദേശി സസാക് കയാൽ (31) ആണ് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് (ആർപിഎഫ്) നടത്തിയ പരിശോധനയിൽ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം ഗുളികകൾ കണ്ടെത്തിയത്. പ്രത്യേക അനുമതി ആവശ്യമായ മരുന്നുകളാണ് പിടിച്ചെടുത്തതെന്ന് ആർപിഎഫ് അധികൃതർ അറിയിച്ചു. പിടിയിലായ സസാക് കയാലിനെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
ആർപിഎഫ് തിരുവനന്തപുരം സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എസ്‌ഐ പ്രെയ്സ് മാത്യു, ഹെഡ് കോൺസ്റ്റബിൾ ജി. വിപിൻ, കോൺസ്റ്റബിൾമാരായ എം.ആർ. മനോജ്, നിഖിൽ നാഥ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.




