ന്യൂഡൽഹി: തുടർച്ചയായ രണ്ട് മാസത്തെ വിലക്കുറവിന് പിന്നാലെ രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് വിവിധ നഗരങ്ങളിൽ 9.50 രൂപ മുതൽ 11.50 രൂപ വരെയാണ് വർധന. ഡൽഹിയിൽ 9.50 രൂപ ഉയർന്ന് സിലിണ്ടറിന് 2,747.50 രൂപയായി.
വിലവർധന ഏറ്റവും കൂടുതലുണ്ടായത് കൊൽക്കത്തയിലാണ്. ഇവിടെ 11.50 രൂപ വർധിച്ചതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2,884 രൂപയായി. ഭുവനേശ്വർ, ഹൈദരാബാദ്, പട്ന തുടങ്ങിയ നഗരങ്ങളിലും 11 രൂപയിലധികം വർധന രേഖപ്പെടുത്തി.
ഡൽഹിക്ക് പുറമെ മുംബൈ, ഗുരുഗ്രാം, നോയിഡ, ചണ്ഡിഗഢ്, ലഖ്നൗ തുടങ്ങിയ നഗരങ്ങളിൽ 9.50 രൂപയാണ് വർധിപ്പിച്ചത്. മുംബൈയിൽ പുതിയ വില 2,701 രൂപയായി. ചെന്നൈയിൽ 10.50 രൂപ വർധിച്ച് 2,916.50 രൂപയായി.
കേരളത്തിലും വാണിജ്യ സിലിണ്ടർ വില വർധിച്ചു. തിരുവനന്തപുരത്ത് 10 രൂപ കൂടി 2,784 രൂപയായി. ബെംഗളൂരുവിലും 10 രൂപ വർധിച്ച് 2,831 രൂപയായി. ഭുവനേശ്വരിൽ 11 രൂപ ഉയർന്ന് 2,919 രൂപയും ഹൈദരാബാദിൽ 11 രൂപ വർധിച്ച് 2,996 രൂപയുമായി.
പട്നയിലാണ് വാണിജ്യ എൽപിജി സിലിണ്ടറിന് ഏറ്റവും ഉയർന്ന വില. 11 രൂപ വർധിച്ചതോടെ ഇവിടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 3,029 രൂപയായി.
അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം മാസമാണ് ഗാർഹിക സിലിണ്ടർ വില മാറ്റമില്ലാതെ തുടരുന്നത്.




