കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയയിലെ ഒരു താമസസ്ഥലത്ത് നിന്ന് ആറുകിലോഗ്രാമിലധികം ലഹരിമരുന്ന് പിടിച്ചെടുത്ത് മൂന്ന് വിദേശികളെ അധികൃതർ അറസ്റ്റ് ചെയ്തു. രണ്ട് ഗാർഹിക തൊഴിലാളികളും തൊഴിലില്ലാത്ത ഒരാളുമാണ് പിടിയിലായത്. ഇവരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ക്രിസ്റ്റൽ മെത്ത്, ഹഷീഷ്, ലിറിക്ക ഗുളികകൾ എന്നിവയാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. സാൽമിയയിലെ ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട വാഹനത്തിന് സമീപം ഏഷ്യൻ വംശജയായ ഒരു സ്ത്രീ സംശയാസ്പദമായ പാക്കറ്റുകൾ നിക്ഷേപിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ലഹരിവിരുദ്ധ വിഭാഗം അന്വേഷണം ആരംഭിച്ചത്.
സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ പാക്കറ്റുകളിൽ ലഹരിമരുന്നാണെന്ന് സ്ഥിരീകരിച്ച ശേഷം നടത്തിയ അന്വേഷണത്തിൽ യുവതിയുടെ താമസസ്ഥലം കണ്ടെത്തി. അവിടെ നടത്തിയ പരിശോധനയിൽ വിതരണത്തിനായി തയ്യാറാക്കി സൂക്ഷിച്ചിരുന്ന കൂടുതൽ ലഹരിമരുന്ന് ശേഖരവും കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീയെയും ഇതോടെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലിൽ ഇരുവരും ലഹരിമരുന്ന് കടത്തിൽ പങ്കുണ്ടെന്ന് സമ്മതിച്ചതായി അധികൃതർ അറിയിച്ചു. ഫോൺ വഴി ബന്ധപ്പെടുന്ന ഒരു ഈജിപ്ഷ്യൻ പൗരന്റെ നിർദേശപ്രകാരമാണ് വിവിധ സ്ഥലങ്ങളിലേക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയിരുന്നതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. സ്പോൺസറുടെ അടുത്ത് ജോലിക്ക് പോകാതിരിക്കാൻ ഇടനിലക്കാർക്ക് കൈക്കൂലി നൽകിയിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ശൃംഖലയെയും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.




