ന്യൂഡൽഹി : ബിജെപിയുടെ പുതിയ ദേശീയ പ്രസിഡന്റിനെ കുറിച്ചുള്ള അഭ്യുഹങ്ങൾക്കിടെ പ്രസിഡന്റിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ അനിശ്ചിതത്വങ്ങളും ഈ മാസം അവസാനമോ ജൂലൈ ആദ്യമോ അവസാനമുണ്ടാകുമെന്ന സൂചന നൽകി പാർട്ടി വൃത്തങ്ങൾ. പുതിയ പാർട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ എല്ലാ സംഘടനാ നടപടിക്രമങ്ങളും പൂർത്തിയാക്കാനുള്ള പ്രക്രിയയിലാണ് ബിജെപി കേന്ദ്ര നേതൃത്വം. നിലവിൽ, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജെ പി നദ്ദയാണ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നത്. അതേസമയം പുതിയ പ്രസിഡന്റിന്റെ കാര്യം ബിജെപിയിലെ തന്നെ ഒരു മുതിർന്ന നേതാവാണ് അറിയിച്ചത്. പുതിയ ദേശീയ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് തങ്ങൾ കൂടുതൽ നീട്ടിക്കൊണ്ടുപോകാൻ പോകുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ ധരമേന്ദ്ര പ്രധാൻ, മനോഹർ ലാൽ ഖട്ടർ, ഭൂപേന്ദർ യാദവ്, ശിവരാജ് സിംഗ് ചൗഹാൻ, അർജുൻ റാം മേഘ്‌വാൾ, പ്രഹ്ലാദ് ജോഷി, നിതിൻ ഗഡ്കരി, ജി. കിഷൻ റെഡ്ഡി എന്നിവരുടെ പേരുകളാണ് പ്രധാനമായും അധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചകളിൽ നിറയുന്നത് .ഇവരെ കൂടാതെ ആന്ധ്രാപ്രദേശ് ബിജെപി അധ്യക്ഷ ദഗ്ഗുബതി പുരന്ദേശ്വരി, വനതി ശ്രീനിവാസൻ (ബിജെപി മഹിളാ മോർച്ച), ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ഡോ. ദിലീപ് ജയ്‌സ്വാൾ, സുനിൽ ബൻസാൽ, തരുൺ ചുഗ്, വിനോദ് താവ്‌ഡെ എന്നിവരും ചർച്ചകളിൽ ഇടംപിടിക്കുന്നുണ്ട്.ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ നടക്കുന്ന മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പുതിയ പാർട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പാണെന്ന് വൃത്തങ്ങൾ അറിയിച്ചു.






