ബീജിംഗ്: ഫിലിപ്പീൻസിൽ ആയുധ നിർമാണവും താവള വികസനവും ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ചൈന ശക്തമായ മുന്നറിയിപ്പ് നൽകി. ഏഷ്യ-പസഫിക് മേഖലയിൽ സംഘർഷവും അസ്വസ്ഥതയും വർധിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണമെന്ന് ചൈന അമേരിക്കയോടും അതിന്റെ സഖ്യരാജ്യങ്ങളോടും ആവശ്യപ്പെട്ടു.
ഫിലിപ്പീൻസിൽ പുതിയ ആയുധങ്ങൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും അമേരിക്കൻ ഭരണകൂടത്തിനകത്തെ പ്രതിരോധ സംഘങ്ങൾ ധനസഹായം നൽകാൻ തീരുമാനിച്ചതായി കഴിഞ്ഞാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇൻഡോ-പസഫിക് വ്യവസായ സഹകരണ സംഘത്തിലെ അംഗങ്ങൾ ചേർന്നാണ് എടുത്തത്.
ആയുധ നിർമ്മാണം മേഖലയിലെ സ്ഥിരത തകർക്കുകയും ശക്തമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യുമെന്നാണ് ചൈന മുന്നറിയിപ്പ് നൽകുന്നത്. അയൽരാജ്യങ്ങളുടെ താൽപര്യങ്ങൾ മാനിക്കണമെന്നും, പുതിയ സംഘർഷങ്ങൾക്ക് വഴിവെക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും ചൈനീസ് സൈനിക വക്താവ് ലിൻ ജ്യാൻ വ്യക്തമാക്കി.




