തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് (മെയ് 2) മുതൽ 6 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചു.
ഇടിമിന്നൽ ഗുരുതര അപകടങ്ങൾക്ക് കാരണമാകാമെന്നും മനുഷ്യരും മൃഗങ്ങളും ഉൾപ്പെടെ ജീവഹാനിക്കും വൈദ്യുതി-ആശയവിനിമയ സംവിധാനങ്ങൾക്കും കേടുപാടുകൾ വരുത്താൻ ഇടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കാർമേഘം രൂപപ്പെടുന്ന സമയത്ത് തന്നെ ജാഗ്രതാ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം. ഇടിമിന്നൽ എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതലുകളിൽ നിന്ന് വിട്ടുനിൽക്കരുതെന്നും പൊതുജനങ്ങളോട് കാലാവസ്ഥ വകുപ്പ് അഭ്യർത്ഥിച്ചു.




