സുൽത്താൻ ബത്തേരി: സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി കുപ്പാടി സ്വദേശിയായ സി.ബി. പ്രവീൺ (26), സുഹൃത്തുക്കളായ ബേസിൽ വർഗീസ് (26), പി.ആർ. അശ്വിൻ രാജ് (25) എന്നിവരാണ് പിടിയിലായത്.
2023 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളിലാണ് തട്ടിപ്പ് നടന്നത്. കമ്പനികളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്ന പ്രവീൺ, ജി.എസ്.ടി, തൊഴിലാളികളുടെ പി.എഫ്, ഇ.എസ്.ഐ എന്നീ പേരുകളിൽ തുകകൾ തിരിമറി നടത്തി ഉടമയെ തെറ്റിദ്ധരിപ്പിച്ച് ഏകദേശം 1.16 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പൊലീസ് കണ്ടെത്തൽ.
ജി.എസ്.ടി തുകകളിൽ മാത്രം ഏകദേശം 70 ലക്ഷം രൂപയാണ് തിരിമറി നടത്തിയത്. ഇതിൽ 58 ലക്ഷം രൂപ പല തവണകളിലായി സുഹൃത്തുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റി പിരിച്ചെടുത്തതായും കണ്ടെത്തി. കൂടാതെ, എം.ഡിയുടെ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു.
ജി.എസ്.ടി തുകകൾ സമയത്ത് അടക്കാതിരുന്നതിലൂടെ കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായും പൊലീസ് വ്യക്തമാക്കി. തട്ടിയെടുത്ത തുകയിൽ 35 ലക്ഷം രൂപ മാത്രമാണ് ഇതുവരെ തിരികെ നൽകിയിട്ടുള്ളത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.




