ആലപ്പുഴ: ചെങ്ങന്നൂർ ∙മേഘാലയയിൽ നിന്നു സംസ്ഥാനത്തേക്കു കടത്തിയ 50 കിലോഗ്രാം കഞ്ചാവ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് സംഘം പിടികൂടി. എറണാകുളം കണ്ടനാട് സ്വദേശി ജലീൽ ജോസിനെ (30) അറസ്റ്റ് ചെയ്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സഹായി കടന്നുകളഞ്ഞു. വിപണിയിൽ 25 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണു പിടികൂടിയത്.
കന്യാകുമാരിയിലേക്കു പോയ വിവേക് എക്സ്പ്രസ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട ശേഷം പ്ലാറ്റ്ഫോമിലെ മേൽപാലത്തിനു സമീപം സംശയാസ്പദമായ രീതിയിൽ കണ്ട ജലീലിനെ ചോദ്യം ചെയ്തപ്പോഴാണു കഞ്ചാവ് കണ്ടെത്തിയത്.
മേഘാലയയിലെ ഷില്ലോങ്ങിൽ നിന്ന് കഞ്ചാവ് വാങ്ങി റോഡ് മാർഗം ന്യൂ ജൽപായ്ഗുഡി റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ മാർഗം സംസ്ഥാനത്തേക്കു കടത്തുകയായിരുന്നു. 4 ട്രോളി ബാഗിലും 2 ട്രാവലർ ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ട്രെയിനിൽ തിരുവനന്തപുരത്തേക്കാണു ടിക്കറ്റ് റിസർവ് ചെയ്തിരുന്നതെങ്കിലും സൗകര്യപ്രദമായ സ്റ്റേഷനിൽ ഇറങ്ങി റോഡ് മാർഗം പോകുകയായിരുന്നു ഉദ്ദേശ്യം.
ആർപിഎഫ് ക്രൈം ഇന്റലിജൻസ് തിരുവനന്തപുരം യൂണിറ്റ്, ആർപിഎഫ് ചെങ്ങന്നൂർ യൂണിറ്റ്, എറണാകുളത്തെ ആർപിഎഫ് ഡോഗ് സ്ക്വാഡ്, ചെങ്ങന്നൂരിലെ എക്സൈസ് റേഞ്ച് വിഭാഗം എന്നിവരുടെ സംയുക്ത പരിശോധനയിലാണു കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ദിവസം ആലുവ റെയിൽവേ സ്റ്റേഷനിൽ 8 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശിയെ പിടികൂടിയിരുന്നു.




