എറണാകുളം : കളമശ്ശേരിയിലെ ആമസോൺ വെയർഹൗസിൽ നിന്നും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നടത്തിയ പരിശോധനയിൽ പിടികൂടിയത് ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ. വിവിധ ബ്രാൻഡുകളുടെ അടുക്കള ഉപകരണങ്ങൾ, പാതരക്ഷകൾ, കളിപ്പാട്ടങ്ങൾ , ഗൃഹോപകരണങ്ങൾ എന്നിവയാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നടത്തിയ പരിശോധനയിൽ നിന്ന് പിടിച്ചെടുത്തത് . വെയർഹൗസിൽ നിന്നും ഇന്ത്യൻ-വിദേശ ബ്രാൻഡുകളുടെ പേരിൽ നിർമിച്ച ഉത്പന്നങ്ങളുടെ വൻ ശേഖരമാണ് പിടികൂടിയത് .
ഇതിൽ ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്തതും ഐഎസ്ഐ മാർക്ക് വ്യാജമായി ഒട്ടിക്കുകയും നിയമപരമായി ഉത്പന്നങ്ങളിൽ ഉണ്ടാവേണ്ട ലേബലിംഗ് വിവരങ്ങൾ ഇല്ലാത്ത ഉത്പന്നങ്ങളും പിടികൂടി. അതേസമയം 2 വർഷം വരെ തടവും വിറ്റ ഉത്പന്നങ്ങളുടെ പത്ത് മടങ്ങ് പിഴയും ഈടാക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ കുറ്റക്കാർക്കെതിരെയുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 12 മണിക്കൂറിലധികം നീണ്ടു നിന്ന റെയ്ഡിലാണ് ഉത്പന്നങ്ങൾ പിടികൂടിയത്.






