ന്യൂഡൽഹി : പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി നടത്തി എന്നാരോപിച്ച് ട്രാവൽ ബ്ലോഗർ ഉൾപ്പെടെ ആറ് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. “ട്രാവൽ വിത്ത് ജോ” എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ജ്യോതി മൽഹോത്ര ഉൾപ്പടെ 6 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജ്യോതി മൽഹോത്ര കമ്മീഷൻ ഏജന്റുമാർ വഴി വിസ നേടിയ ശേഷം 2023 ൽ പാകിസ്ഥാൻ സന്ദർശിച്ചതായി അധികൃതർ വെളിപ്പെടുത്തി. കൂടാതെ ഈ യാത്രയ്ക്കിടെ, ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ സ്റ്റാഫ് അംഗമായ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അവർ അടുത്ത ബന്ധം സ്ഥാപിച്ചു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് .
,2025 മെയ് 13 ന് സർക്കാർ ‘പേഴ്‌സണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിക്കുകയും പുറത്താക്കുകയും ചെയ്ത ഡാനിഷ്, ജ്യോതിയെ ഒന്നിലധികം പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് പരിചയപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്നു. അതേസമയം ഭാരതീയ ന്യായ സംഹിത സെക്ഷൻ 152, 1923 ലെ ഔദ്യോഗിക രഹസ്യ നിയമത്തിലെ സെക്ഷൻ 3, 4, 5 എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം കേസ് ഹിസാറിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറി.




