വത്തിക്കാൻ സിറ്റി : കത്തോലിക്കാസഭയുടെ 267-ാമത് പരമാധ്യക്ഷനായി ലിയോ പതിനാലാമൻ ഇന്ന് ചുമതലയേറ്റു. പത്രോസിന്റെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കർദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാർപാപ്പ എത്തുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. അതേസമയം മാർപാപ്പയുടെ കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ജന്മനാടായ അമേരിക്കയിൽനിന്നും ലക്ഷകണക്കിന് വിശ്വാസികളാണ് സഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായി വത്തിക്കാനിൽ എത്തിയത് .
കൂടാതെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോ ബോയ്, യുക്രെയ്‌ൻ പ്രസിഡന്‍റ് വോളോദിമിർ സെലൻസ്‌കി, പെറു പ്രസിഡന്‍റ് ദിന എർസിലിയ ബൊലാർതെ സെഗാര,ഇറ്റാലിയൻ പ്രസിഡന്‍റ് സെർജിയോ മത്തറെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാളെ വത്തിക്കാനിൽ എത്തിയേക്കുമെന്നും സൂചനകളുണ്ട്.






