കണ്ണൂർ : കണ്ണൂരിൽ ഗൂഗിള്‍പേ വഴി കൈക്കൂലി വാങ്ങിയ പൊലീസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മെയ്13 നായിരുന്നു സസ്‌പെന്‍ഷന് ആധാരമായ സംഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന് പയ്യാവൂര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.
രാത്രി പട്രോളിങ്ങിനിടെ നടത്തിയ വാഹന പരിശോധനയിൽ ഇബ്രാഹിം മദ്യലഹരിയിൽ വാഹനം ഓടിച്ച കോട്ടയം സ്വദേശി അഖിൽ ജോണിനെ മറ്റ് നിയമനടപടികൾക്കൊന്നും വിധേയമാകാതെ ഫോണ്‍ നമ്പര്‍ വാങ്ങി വിട്ടയച്ചു. പിറ്റേന്ന് ഇയാളെ ഫോണില്‍ ബന്ധപ്പെട്ട് കേസ് വേറൊരാളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത് ഒഴിവാക്കിത്തരാം എന്ന് പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. 14000 രൂപയാണ് പോലീസ് ഉദോഗസ്ഥൻ കൈക്കൂലിയായി വാങ്ങിയത് .






