ന്യുഡല്‍ഹി: ബ്രഹ്മപുത്ര നദിക്ക് കുറുകെ ഭീമന് അണക്കെട്ട് കെട്ടുന്ന ചൈനയുടെ നടപടി ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ്. അണക്കെട്ടിലെ വെള്ളം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ബ്രഹ്മപുത്രയുടെ തീരങ്ങളില്‍ വലിയ വെള്ളപ്പൊക്കവും കെടുതികളുമാകും ഉണ്ടാകുക. ഈ ഭീഷണിയെ മറികടക്കാന്‍ ബ്രഹ്മപുത്രയില്‍ മറ്റൊരു കൂറ്റന്‍ അണക്കെട്ട് നിര്‍മിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അരുണാചല്‍ പ്രദേശിലെ ദിബാങ്ങിലാകും പുതിയ അണക്കെട്ട് നിര്‍മിക്കുക.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഹൈഡ്രൊ ഇലക്ട്രിക് പവര്‍ കോര്പ്പറേഷന് – എന്‍.എച്ച്.പി.സി ആണ് അണക്കെട്ട് നിര്‍മിക്കുക. ഇതിനായി 17,069 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ആഗോള ടെന്‍ഡര്‍ വിളിച്ചു. ദിബാങ്ങിലെ അണക്കെട്ടിന് 278 മീറ്റര്‍ ഉയരമുണ്ടാകും. ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള അണക്കെട്ട് എന്ന റെക്കോര്‍ഡും ഇതിന് സ്വന്തമാകും.
ചൈനീസ് ഭാഗത്തുള്ള അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന അധികജലത്തെ തടഞ്ഞുനിര്‍ത്തി നിയന്ത്രിതമായി നദിയിലേക്ക് ഒഴുക്കിവിടുന്നതിന് വേണ്ടിയാണ് അണക്കെട്ട് നിര്‍മിക്കുന്നതെന്നാണ് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
അണക്കെട്ടിന്റെ നിര്‍മാണം 2032 ല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 2880 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന വൈദ്യുത പദ്ധതിയുടെ ഭാഗമാണ് അണക്കെട്ട്. കഴിഞ്ഞ വര്‍ഷം പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നുവെങ്കിലും പിന്നീട് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ ടിബറ്റില്‍ ബ്രഹ്മപുത്രയ്ക്ക് കുറുകെ ഭീമന് അണക്കെട്ട് നിര്‍മിക്കുമെന്ന് ചൈന പ്രഖ്യാപിച്ചതോടെയാണ് ദിബാങ്ങിലെ വൈദ്യുത പദ്ധതിക്ക് പെട്ടെന്ന് വേഗം വര്‍ധിച്ചത്.




