ന്യൂഡൽഹി: അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷം ശക്തമായതോടെ ആഗോള മരുന്ന് വിതരണ ശൃംഖല ഗുരുതര പ്രതിസന്ധിയിൽ. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സവും വ്യോമഗതാഗതത്തിലെ അസ്ഥിരതയും വിതരണത്തെ സാരമായി ബാധിച്ചെന്ന് മേഖലയിലെ വിതരണക്കാർ അറിയിച്ചു.
വിതരണത്തിലെ കാലതാമസം, കയറ്റുമതി-ഇറക്കുമതി ചെലവുകളുടെ വർധന, ഗതാഗത മാർഗങ്ങളിലെ തടസ്സങ്ങൾ എന്നിവ കാരണം മരുന്ന് വിപണി സമ്മർദത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യത കുറയാൻ തുടങ്ങിയതോടെ ആശങ്ക ഉയർന്നിട്ടുണ്ട്. കാൻസർ മരുന്നുകളും ഇൻസുലിനും ഉൾപ്പെടെയുള്ള അത്യാവശ്യ മരുന്നുകളുടെ വിതരണം ഇതിനകം തന്നെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ഗൾഫ് മേഖലയിലേക്കുള്ള മരുന്ന് ഒഴുക്ക് കാര്യമായി കുറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇൻഷുറൻസ്, ഇന്ധന ചെലവുകൾ ഉയർന്നതും വില വർധനയ്ക്ക് കാരണമായി. ഹോർമുസ് കടലിടുക്കിലൂടെ വലിയ തോതിൽ ഔഷധങ്ങളും അസംസ്കൃത വസ്തുക്കളും കടന്നുപോകുന്ന സാഹചര്യത്തിൽ, ഈ പാതയിലെ തടസ്സം വിതരണ ശൃംഖലയെ തകർത്തിരിക്കുകയാണ്. ശീതീകരണം ആവശ്യമായ മരുന്നുകളുടെ ഗതാഗതമാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്.
ഇൻസുലിൻ പോലുള്ള മരുന്നുകൾക്കും ദീർഘകാല രോഗചികിത്സയ്ക്കുള്ള ഔഷധങ്ങൾക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. അടിയന്തര ചികിത്സയ്ക്കുള്ള കിറ്റുകളും വാക്സിനുകളും ലഭ്യത കുറവാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചില കമ്പനികൾ കടൽഗതാഗതം ഒഴിവാക്കി വ്യോമഗതാഗതത്തിലേക്ക് മാറിയതും ചിലർ കയറ്റുമതി വഴിതിരിച്ചുവിട്ടതും ചെലവും വൈകിപ്പിക്കുകയും ചെയ്യുന്നു.
സംഘർഷം തുടർന്നാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ദുബൈ വഴിയുള്ള മരുന്ന് വിതരണ ശൃംഖലയും ബാധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിതരണ ചെലവിൽ ഗണ്യമായ വർധന ഉണ്ടായതായും അടിയന്തര മരുന്നുകൾ പോലും ദൈർഘ്യമേറിയ കരമാർഗങ്ങളിലൂടെ മാറ്റി എത്തിക്കേണ്ടി വരുന്നതായും വിവരമുണ്ട്.
സംഘർഷ മേഖലകളിലേക്ക് അയക്കേണ്ട വലിയ തോതിലുള്ള മരുന്നുകൾ കുടുങ്ങുകയോ വൈകുകയോ ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നതായി അന്താരാഷ്ട്ര ആരോഗ്യ സംഘടനകളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




