ഹൈദരാബാദ്: വിദ്വേഷപ്രസംഗങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും നിയന്ത്രിക്കാൻ കർശന വ്യവസ്ഥകളോടെ പുതിയ നിയമം കൊണ്ടുവരാൻ തെലങ്കാന സർക്കാർ നീക്കം. ‘തെലങ്കാന വിദ്വേഷപ്രസംഗ നിരോധന ബിൽ 2026’ നിയമമന്ത്രി ഡി. ശ്രീധർ ബാബു നിയമസഭയിൽ അവതരിപ്പിച്ചു. കർണാടകയ്ക്കുശേഷം ഇത്തരമൊരു നിയമം കൊണ്ടുവരുന്ന സംസ്ഥാനമാണ് തെലങ്കാന.
ബില്ല് പ്രകാരം വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റം ആവർത്തിക്കുന്നവർക്ക് രണ്ട് മുതൽ പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി നിശ്ചയിച്ചിട്ടുണ്ട്.
വിദ്വേഷപ്രസംഗം ജാമ്യമില്ലാ കുറ്റമായി പരിഗണിക്കും. നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് കൂടുതൽ കർശന വ്യവസ്ഥകളോടെ പുതിയ ബിൽ അവതരിപ്പിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. സംഘർഷത്തിനും കലാപത്തിനും ഇടയാക്കുന്ന പ്രസംഗങ്ങൾ നിയന്ത്രിക്കുകയാണ് പ്രധാന ലക്ഷ്യം.
ഇതിനൊപ്പം, ഗിഗ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള മറ്റൊരു ബില്ലും സർക്കാർ അവതരിപ്പിച്ചു. തൊഴിലാളികളുടെ രജിസ്‌ട്രേഷൻ, സാമൂഹിക സുരക്ഷ, ക്ഷേമനിധി ബോർഡ് രൂപവത്കരണം എന്നിവ ഉറപ്പാക്കുന്നതാണ് ഈ ബിൽ.




