മലയാള സിനിമയിലെ യുവതാരങ്ങളായ ദുൽഖർ സൽമാനും ടൊവിനോ തോമസും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന തമിഴ് മാധ്യമങ്ങളുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ടൊവിനോ. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. ദുൽഖർ സൽമാൻ തന്റെ സിനിമകളുടെ പ്രമോഷനിടെ മറ്റു താരങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴും ടൊവിനോയുടെ പേര് പരാമർശിച്ചില്ല എന്ന റിപ്പോർട്ടറുടെ ചോദ്യമാണ് തമാശ കലർന്ന മറുപടിക്ക് വഴിയൊരുക്കിയത്.
”ഞാൻ ഇപ്പോൾ പുള്ളിയെ വിളിക്കണോ?”
ദുൽഖറും നിങ്ങളും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ചോദ്യത്തിന് “എന്ത് പ്രശ്നം? ഞാൻ ഇപ്പോൾ പുള്ളിയെ ഒന്ന് കോൾ ചെയ്യണോ?” എന്നായിരുന്നു ടൊവിനോയുടെ ആദ്യ പ്രതികരണം. ‘ലോക’ എന്ന ചിത്രത്തിന്റെ പ്രമോഷന് വന്നപ്പോൾ ദുൽഖർ എല്ലാവരെയും കുറിച്ച് സംസാരിച്ചിട്ടും ടൊവിനോയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു റിപ്പോർട്ടറുടെ വാദം. “ഞാൻ ഇപ്പോൾ അദ്ദേഹത്തെ വിളിച്ചിട്ട് എന്നെപ്പറ്റി എന്താണ് പറയാത്തതെന്ന് ചോദിക്കാം. പക്ഷേ ഇതൊക്കെ നിങ്ങൾ കേട്ടു എന്നത് ശരിയാണോ?” എന്ന് ടൊവിനോ തിരിച്ചു ചോദിച്ചു. താനാണ് ആ ചോദ്യം ദുൽഖറിനോട് ചോദിച്ചതെന്ന് റിപ്പോർട്ടർ ഉറപ്പിച്ചു പറഞ്ഞതോടെ, ശരി ഞാൻ ചോദിച്ചോളാം എന്നായി ടൊവിനോ.
സൗഹൃദത്തിന്റെ തുടക്കം ‘തീവ്രം’ സെറ്റിൽ
താനും ദുൽഖറും തമ്മിലുള്ള ബന്ധം വർഷങ്ങൾ പഴക്കമുള്ളതാണെന്ന് ടൊവിനോ ഓർമ്മിപ്പിച്ചു. താൻ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി കരിയർ തുടങ്ങിയത് ദുൽഖറിന്റെ ‘തീവ്രം’ എന്ന സിനിമയിലാണെന്ന് താരം പറഞ്ഞു. പിന്നീട് ‘ABCD’ എന്ന ചിത്രത്തിൽ ദുൽഖറിന്റെ വില്ലനായിട്ടാണ് ടൊവിനോ വെള്ളിത്തിരയിൽ ശ്രദ്ധിക്കപ്പെട്ടത്.
”ഞങ്ങൾ ഒരുമിച്ച് അഭിനയിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി. അന്ന് മുതൽ ഇന്നുവരെ അദ്ദേഹം എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. ഇപ്പോൾ നിങ്ങൾ പറഞ്ഞ ഈ കാര്യങ്ങളൊക്കെ ഒന്ന് റെക്കോർഡ് ചെയ്ത് നൽകുകയാണെങ്കിൽ അത് കേട്ട് ഞങ്ങൾക്ക് എല്ലാവർക്കും ഇരുന്ന് ചിരിക്കാം,” ടൊവിനോ പറഞ്ഞു. താരങ്ങൾക്കിടയിൽ ഇല്ലാത്ത പിണക്കങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചിരിച്ചുതള്ളുന്ന ടൊവിനോയുടെ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.


