കോട്ടയം: ഓസ്ട്രേലിയയിലെ പെർത്തിൽ നടന്ന സാംസ്കാരിക പരിപാടിയിൽ വന്ദേ മാതരം ആലപിച്ച് ശ്രദ്ധ നേടിയ നന്ദഗോവിന്ദം ഭജൻസ് ടീം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പെർത്തിലെ ഹിന്ദു സാംസ്കാരിക സംഘടനയായ സംസ്കൃതി സംഘടിപ്പിച്ച പരിപാടിയിലാണ് ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച ദേശീയഗാനം സംഘം ആലപിച്ചത്.
ഗാനത്തിനിടെ കാണികൾ എഴുന്നേറ്റ് നിന്ന് ആദരവോടെ കൂടെ പാടുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം. ഇതിനിടെ, കോട്ടയം വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ നന്ദഗോവിന്ദം സംഘം ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെ തുടർന്ന് വലിയ വിവാദം ഉയർന്നിരുന്നു.
ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിലായിരുന്നു ‘ഈ പരദേവനഹോ’ എന്ന ഗാനത്തിന്റെ ആലാപനം. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായിരുന്നു. സംഭവത്തെ തുടർന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു. തുടർന്ന് ഉണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റി കൺവീനറും നന്ദഗോവിന്ദം ടീമും രംഗത്തെത്തി.




