കാസർകോട്: ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന കാസർകോട് ജില്ലയിലെ മട്ടലായിയിൽ വീണ്ടും വിള്ളൽ രൂപപ്പെട്ടു. ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിന് സമീപമുള്ള ഭാഗത്താണ് പുതിയ വിള്ളൽ കണ്ടെത്തിയത്. നേരത്തെ വിള്ളൽ ഉണ്ടായ അതേ പ്രദേശത്താണ് വീണ്ടും റോഡ് പൊട്ടിയത്.
20 മീറ്ററിലധികം നീളത്തിലാണ് പുതിയ വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. മുമ്പ് ഇവിടെ വിള്ളൽ ഉണ്ടായതിനെ തുടർന്ന് ഏകദേശം 50 മീറ്റർ ഭാഗത്ത് റീ-ടാറിങ് നടത്തിയിരുന്നു. അന്ന് ശക്തമായ മഴയെ തുടർന്നാണ് റോഡിൽ വിള്ളൽ രൂപപ്പെട്ടത്.
ഇന്നലെയും ജില്ലയിൽ കനത്ത മഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അതേ സ്ഥലത്ത് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. നിർമാണത്തിലെ അപാകതകളാണ് ആവർത്തിച്ച് വിള്ളൽ രൂപപ്പെടാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.






