കൊല്ലം: ശൂരനാട് വടക്ക് പാറക്കടവിൽ മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം വീട് ആക്രമിച്ച് വ്യാപക നാശനഷ്ടം വരുത്തി. ചിറപ്പാട് ഭാഗത്തെ അഖിലാലയത്തിൽ അജിത് താമസിക്കുന്ന വീടിന് നേരെയാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച രാത്രി ഏകദേശം 11 മണിയോടെയായിരുന്നു സംഭവം.
വടിവാൾ, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളുമായി എത്തിയ ആറംഗസംഘം വീടുകയറി ആക്രമണം നടത്തുകയും മണിക്കൂറോളം ഭീതിജനകമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതായി വീട്ടുകാർ പരാതിപ്പെട്ടു. വീട്ടിലുണ്ടായിരുന്നവരെ മർദിച്ചതായും കുട്ടികളോട് മോശമായി പെരുമാറിയതായും പരാതിയിൽ പറയുന്നു.
വീട്ടിലെ ടിവി, ഫ്രിഡ്ജ്, അടുക്കള ഉപകരണങ്ങൾ, ഫർണിച്ചർ, മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടെ സാധനങ്ങൾ തകർത്തു. വീടിന്റെ ജനാലകളും അടിച്ചു നശിപ്പിച്ചു. കൂടാതെ ബുള്ളറ്റ് ഉൾപ്പെടെയുള്ള ഇരുചക്ര വാഹനങ്ങളും ആക്രമികൾ തകർത്തു. മുറിക്കുള്ളിലുണ്ടായിരുന്ന തടിയലമാരയും നശിപ്പിച്ചതായി വിവരം.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. പാതിരിക്കൽ സ്വദേശിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് കുടുംബത്തിന്റെ ആരോപണം. അജിത്തിനെയും അമ്മ ഗൗരിക്കുട്ടി, മക്കളായ അഭിജിത്ത് , അഖില എന്നിവരെയും മർദിച്ചതായും പരാതിയുണ്ട്.
സംഭവസമയത്ത് കുടുംബാംഗങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോഴാണ് അക്രമികൾ വീട്ടിലേക്ക് കയറിയത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നും, വീടുവിട്ട് പുറത്തേക്ക് ഓടിയതിനാൽ ജീവൻ രക്ഷിക്കാനായെന്നും കുടുംബം പറഞ്ഞു.
ശൂരനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മാസങ്ങൾക്ക് മുൻപ് ആനയടി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ തുടർച്ചയായിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്.




