കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ ഗുരുതര അനാസ്ഥ. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് വിവാദമായത്. മണിമല സ്വദേശിയുടെ മൃതദേഹമാണ് ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്.
പ്രവർത്തനരഹിതമായ ഫ്രീസറിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നത്. ബന്ധുക്കൾ എത്തി മൃതദേഹം ഏറ്റുവാങ്ങുന്നതിനിടെ ദുർഗന്ധം വമിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.
സംഭവത്തിൽ ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചു. അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.




