തൃശ്ശൂർ: നാട്ടികയിലെ ബിജെപി സ്ഥാനാർത്ഥി സി.സി. മുകുന്ദന്റെ പേഴ്സണൽ സ്റ്റാഫായ അസ്ഹർ മജീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി ഗീതാ ഗോപിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാട്ട്സാപ്പ് സന്ദേശങ്ങൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.
ഗീതാ ഗോപിക്കെതിരെ ജാതി അധിക്ഷേപം ഉൾപ്പെട്ട ചോദ്യാവലി പ്രചരിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അസ്ഹർ മജീദിന്റെ മൊബൈൽ ഫോണിൽ നിന്നാണ് ബന്ധപ്പെട്ട വാട്ട്സാപ്പ് സന്ദേശങ്ങൾ പൊലീസ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് പട്ടികജാതി/പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ഇരിങ്ങാലക്കുട റൂറൽ എസ്.പി ഓഫീസിൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപത്തെക്കുറിച്ച് പരാതി നൽകാനെത്തിയപ്പോഴാണ് അസ്ഹർ മജീദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് കൊടുങ്ങല്ലൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
മുൻപ് ചേർപ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും അസ്ഹർ മജീദിനെ പ്രതിയാക്കിയിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിനിടെ, അസ്ഹർ മജീദിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനു മുന്നിൽ സി.സി. മുകുന്ദൻ പ്രതിഷേധം നടത്തി. അറസ്റ്റ് അന്യായമാണെന്നു അദ്ദേഹം പ്രതികരിച്ചു.




