കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നത് പുലിമടയിൽ തലവെക്കുന്നതിന് തുല്യമാണെന്ന് നടൻ സലിം കുമാർ. യുഡിഎഫ് പ്രചാരണ വേദിയിൽ സംസാരിക്കവേയാണ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ പരിഹാസങ്ങളുമായി താരം രംഗത്തെത്തിയത്. വി.ഡി. സതീശനെ ചർച്ചയ്ക്ക് വിളിച്ചാൽ മുഖ്യമന്ത്രിയെക്കൊണ്ട് മൂക്ക് കൊണ്ട് ‘ഋതിക് റോഷൻ’ എന്ന് എഴുതിക്കുമെന്നും, മുൻ ധനമന്ത്രി തോമസ് ഐസക്കിനെപ്പോലെയുള്ളവരെക്കൊണ്ട് ‘ധൃതരാഷ്ട്രർ’ എന്ന് എഴുതിച്ച ചരിത്രമാണ് സതീശനുള്ളതെന്നും സലിം കുമാർ ഓർമ്മിപ്പിച്ചു. അത്തരമൊരു പോരാളിയെ വെല്ലുവിളിക്കുമ്പോൾ മുഖ്യമന്ത്രി ജാഗ്രത പാലിക്കണമെന്നും താരം കൂട്ടിച്ചേർത്തു.
മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ചു എന്ന പേരിൽ തനിക്കെതിരെ ഉയർന്ന പരാതികൾ അടിസ്ഥാനരഹിതമാണെന്ന് സലിം കുമാർ വ്യക്തമാക്കി. തന്നെ രാഷ്ട്രീയ പ്രചാരണങ്ങളിൽ നിന്ന് വിലക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു. താൻ ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ കളിയാക്കിയിട്ടില്ലെന്നും തന്റെ പ്രസംഗത്തിൽ പരാമർശിച്ച കഥാപാത്രങ്ങൾ വെറും സാങ്കൽപ്പികമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആ രണ്ടുപേരുടെയും വിലാസം നൽകിയാൽ അവരുടെ കാൽ പിടിച്ച് മാപ്പ് പറയാൻ തയ്യാറാണെന്നും സലിം കുമാർ വെല്ലുവിളിച്ചു.
സൈബർ ഇടങ്ങളിൽ തനിക്കും മകനുമെതിരെ നടക്കുന്ന ആക്രമണങ്ങളെ സലിം കുമാർ രൂക്ഷമായി വിമർശിച്ചു. ഒറ്റ പരിപാടിയോടെ പ്രചാരണം നിർത്താനിരുന്ന തന്നെ വീണ്ടും സജീവമാക്കിയത് എതിരാളികളുടെ നിരന്തരമായ ഇടപെടലുകളാണെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പേടിപ്പിച്ച് വീട്ടിലിരുത്താമെന്ന് ആരും കരുതേണ്ടെന്നും ഇത് കണ്ണൂരല്ല എറണാകുളമാണെന്നും സലിം കുമാർ തുറന്നടിച്ചു. തന്നെ നിരന്തരം വേട്ടയാടി കൊയിലാണ്ടി മുതൽ പത്തനാപുരം വരെയുള്ള വേദികളിലെത്തിച്ചത് അവരാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി തന്നെ നിശബ്ദനാക്കാൻ ശ്രമിക്കുന്നവർക്ക് വോട്ടിലൂടെ ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


