ബെംഗളൂരു: കർണാടകയിൽ യുപിഐ ഇടപാടുകൾ നിർത്തി വാണിജ്യവകുപ്പ്. സംസ്ഥാന വാണിജ്യനികുതി വകുപ്പ് 13,000ഓളം ചെറുകിട വ്യാപാരികൾക്ക് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ബഹിഷ്കരണം. ഒരു സാമ്പത്തികവർഷം 40 ലക്ഷം രൂപയിലധികം വിറ്റുവരവുള്ളവർ നിർബന്ധമായും ജിഎസ്ടി രജിസ്ട്രേഷൻ എടുക്കണമെന്നാണ് നിയമം.
യുപിഐ പേമെന്റുകൾ വഴി പണം സ്വീകരിക്കാൻ ആരംഭിച്ചതിന് പിന്നാലെ, നിരവധി വ്യാപാരികളുടെ വിറ്റുവരവ് 40 ലക്ഷത്തിലേറെയാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വാണിജ്യവകുപ്പ് വിശദീകരണം തേടി നോട്ടിസ് അയച്ചത്. ഇതിൽ പ്രതിഷേധ സൂചകമായി നിരവധി വ്യാപാരികൾ സ്ഥാപനങ്ങളിൽ കറൻസി നോട്ടുകൾ മാത്രമേ സ്വീകരിക്കൂ എന്ന ബോർഡ് സ്ഥാപിച്ചു.
നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ബാധകമല്ലെന്നും അത്തരം ഉൽപന്നങ്ങൾ വിൽക്കുന്നവരെ യുപിഐ ഇടപാടുമാത്രം വിലയിരുത്തി ജിഎസ്ടി രജിസ്ട്രേഷനെടുക്കാനും നികുതിയടയ്ക്കാനും നിർബന്ധിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കച്ചവടക്കാർ പ്രതിഷേധിക്കുന്നത്. എന്നാൽ നികുതി അടയ്ക്കാനാല്ല നോട്ടീസ് അയച്ചതെന്നാണ് വാണിജ്യവകുപ്പിന്റെ വിശദീകരണം.




