തിരുവനന്തപുരം: പത്തു വർഷത്തിനുള്ളിൽ തഴച്ചുവളർന്ന കേരളത്തിലെ ഏറ്റവും ആസ്തിയുള്ള ഒന്നാമത്തെ കോർപ്പറേറ്റ് ഹൗസ് സി.പി.എം ആണെന്ന് ചെറിയാൻ ഫിലിപ്പ്. ഒരു പ്രസ്ഥാനമായിരുന്ന സി.പി.എം ഇപ്പോൾ ഒരു സ്ഥാപനമാണ്. ബക്കറ്റുപിരിവും കൂപ്പൺ പിരിവും നടത്തി നിർമ്മിച്ചതായി അവകാശപ്പെടുന്ന പാർട്ടി സ്ഥാപനങ്ങളെല്ലാം അഴിമതിയുടെ നിത്യ സ്മാരകങ്ങളാണെന്നും പറഞ്ഞു.
ശതകോടികൾ മുടക്കി സ്ഥാപിച്ച തിരുവനന്തപുരം നഗര മദ്ധ്യത്തിലെ പുതിയ എ.കെ.ജി സെൻ്റർ എന്ന ബഹുനില പാർട്ടി ഓഫീസ് ഇന്ത്യയിലെ ഒരു പ്രമുഖ കോർപ്പറേറ്റ് ഭീമൻ്റെ കാണിക്കയാണ്. സംസ്ഥാന തലം മുതൽ ബ്രാഞ്ച് തലം വരെയുള്ള പാർട്ടി ഓഫീസുകൾ, സി.ഐ.ടി.യു, ഡി.വൈഎഫ്ഐ, എസ്.എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ പോഷക വിഭാഗങ്ങളുടെ ബഹുനില മന്ദിരങ്ങൾ, പഠന കേന്ദ്രങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്മാരക മന്ദിരങ്ങൾ എന്നിവയിലൂടെയാണ് കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ സി.പി.എം കരസ്ഥമാക്കിയിട്ടുള്ളതാണെന്നും അദ്ധേഹം പറഞ്ഞു.
സർക്കാർ ഭൂമിയിൽ നിർമ്മിച്ച തിരുവനന്തപുരത്തെ എ.കെ.ജി പഠന ഗവേഷണ കേന്ദ്രം, വിളപ്പിൽശാലയിലെ ഇ.എം.എസ് അക്കാഡമി, കണ്ണൂരിലെ ഇ.കെ. നായനാർ അക്കാഡമി,വടകരയിലെ കേളുവേട്ടൻ പഠന കേന്ദ്രം തുടങ്ങി അന്തരിച്ച നേതാക്കളുടെ പേരിൽ കേരളത്തിലുടനീളം നിരവധി പാർട്ടി സ്ഥാപനങ്ങളുണ്ട്. കൈരളി ടി വി യുടെ സ്റ്റുഡിയോ ഉൾപ്പെട്ട ആസ്ഥാന മന്ദിരം, ദേശാഭിമാനി പത്രത്തിൻ്റെ വിവിധ ജില്ലകളിലെ പ്രിൻ്റിംഗ് പ്രസ്സുകൾ, ചിന്ത വാരികയുടെയും പബ്ലിഷിംഗ് കമ്പനിയുടെയും ഓഫീസ് മന്ദിരങ്ങൾ തുടങ്ങിയവയെല്ലാം പാർട്ടിയുടെ ഉടമസ്ഥതയിലാണെന്നും പറഞ്ഞു.
കണ്ണൂരിലെ എ.കെ.ജി ആശുപത്രി, പെരിന്തൽമണ്ണയിലെ ഇ.എം.എസ് ആശുപത്രി, എറണാകുളത്തെ എ.പി. വർക്കി ആശുപത്രി, കൊല്ലത്തെ എൻ.എസ് ശ്രീധരൻ ആശുപത്രി തുടങ്ങിയ ചികിത്സാ കേന്ദ്രങ്ങൾ പാർട്ടി അധീനതയിലാണ്. പാർട്ടി ആധിപത്യത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന നിരവധി വ്യവസായ യൂണിറ്റുകൾ, നിർമ്മാണ കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ വൻ ലാഭമുണ്ടാക്കുന്നു. ഇവിടുത്തെ ജീവനക്കാരെല്ലാം പാർട്ടി അംഗങ്ങളാണ് എന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.




