സുൽത്താൻ ബത്തേരി: നമ്പ്യാർകുന്നിൽ ഉണ്ടായ സംഘർഷത്തിൽ വാർഡ് അംഗത്തിന് മർദനമേറ്റു. നെന്മേനി പഞ്ചായത്തംഗം പ്രശാന്താണ് ആക്രമണത്തിനിരയായത്. കൂടെയുണ്ടായിരുന്ന സുനിൽ എന്നയാൾക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു.
മരം വിൽപ്പനയെച്ചൊല്ലി സ്ഥലത്ത് നേരത്തെ തർക്കം നിലനിന്നിരുന്നു. പ്രശ്നം പരിഹരിക്കാൻ ചർച്ചയ്ക്കായി എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ചർച്ചയ്ക്കിടെ തർക്കം വഷളാകുകയും തുടർന്ന് ആക്രമണം നടക്കുകയുമായിരുന്നു.
പ്രശാന്തിനെ മർദിക്കുകയും സുനിലിനെ വെട്ടുകയുമായിരുന്നു ആക്രമികൾ. സുനിലിന് കൈക്കും തലക്കും പരിക്കേറ്റിട്ടുണ്ട്. തമിഴ്നാട് സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




