ഭുവനേശ്വർ: ഒഡീഷയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ നയാഗഡ് ജില്ലയിലെ ദാസ്പല്ലയിൽ ദേശീയപാതയിലാണ് അപകടം നടന്നത്.
ബെർഹാംപൂർ സ്വദേശികളായ എൽ. ഹരി പത്ര, ഭാര്യ ലക്ഷ്മി പത്ര, ഗഞ്ചം ജില്ലയിലെ കുലാഡ് ഗ്രാമത്തിലെ സുമതി സാഹു, സുപ്രഭ സാഹു, ബസ് ഡ്രൈവർ പ്രവീൺ കുമാർ സാഹു എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ദാസ്പല്ല ആശുപത്രിയിലും നയാഗഡ് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബെർഹാംപൂരിൽ നിന്ന് ഹരിശങ്കർ ക്ഷേത്രത്തിലേക്ക് പോയിരുന്ന ഏകദേശം 60 തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. തകേര ഘട്ടിന് സമീപത്തെ വളവിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ വലിയ പാറയിൽ ഇടിച്ച് മറിഞ്ഞുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സംഭവത്തിൽ ദാസ്പല്ല പോലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.




