എറണാകുളം: കാലടി ശ്രീശങ്കര പാലത്തിൽ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച രാത്രിയിൽ പാലത്തിലെ കുഴികൾ ചെറിയ തോതിൽ താൽക്കാലികമായി അടച്ചതോടെ വെള്ളിയാഴ്ച കാലടിയിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നില്ല. ഒരാഴ്ചയായി പകലും രാത്രിയും ഇടതടവില്ലാതെ തുടർന്ന ഗതാഗതക്കുരുക്കിൽ പെട്ടു വലഞ്ഞ യാത്രക്കാർക്ക് വെള്ളിയാഴ്ച വലിയ ആശ്വാസമായിരുന്നു.
എന്നാൽ താൽക്കാലികമായി അടച്ച കുഴികൾ വീണ്ടും വലിയ കുഴികൾ ആയതോടെ വാഹനങ്ങൾ കുരുക്കിൽ കുടുങ്ങി. ഗതാഗതം മന്ദഗതിയിൽ ആയതോടെ എംസി റോഡിൽ കുരുക്ക് കിലോമീറ്ററുകളോളം നീണ്ടു. ഇതിനിടെ ഒരു ആംബുലൻസ് കുരുക്കിൽപെട്ടു കടന്നു പോകാൻ കഴിയാത്ത അവസ്ഥയായി.
പിന്നീട് നാട്ടുകാരാണ് ആംബുലൻസിന് വഴിയൊരുക്കിയത്. കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് കുരുക്ക് വർധിപ്പിക്കുകയും അപകട സാധ്യതയുണ്ടാക്കുകയും ചെയ്യുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കാൻ അധികൃതർ നടപടിയും എടുക്കുന്നില്ല.
കാലടി പാലത്തിലെയും എംസി റോഡിലെയും അറ്റകുറ്റ പണികൾ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്റെ സമ്പൂർണ വിഴ്ചയാണെന്ന് റോജി എം.ജോൺ എംഎൽഎ കുറ്റപ്പെടുത്തി.മഴക്കാലത്തിനു മുൻപ് ചെയ്യേണ്ടിയിരുന്ന പ്രവൃത്തികൾ സമയബന്ധിതമായി ചെയ്യാൻ പൊതുമരാമത്തു വകുപ്പിനു കഴിയാത്തതു കൊണ്ടാണ് ഇപ്പോൾ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.




