മംഗളൂരു: കേരള-കർണാടക അതിർത്തിക്ക് സമീപമുള്ള ദേശീയപാതയിലെ തൊക്കോട്ട് ഫ്ലൈഓവറിൽ ഗുണ്ടാനേതാവിനെ ആറംഗസംഘം വെട്ടിക്കൊന്നു. കേരള രജിസ്ട്രേഷനിലുള്ള കാറിലാണ് പ്രതികൾ എത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞതായും വിവരമുണ്ട്.
കുദ്രോളി സ്വദേശിയായ ആരിഫ് ഹുസൈൻ (42), ‘ടാബ്ലറ്റ് ആരിഫ്’ എന്നറിയപ്പെടുന്നയാളാണ് വെള്ളിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആരിഫ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
നിരവധി കേസുകളിൽ പ്രതിയായ ആരിഫ് മംഗളൂരു പൊലീസിന്റെ ഗുണ്ടാപട്ടികയിൽ ഉൾപ്പെട്ടിരുന്നു. നാല് വർഷം മുൻപ് തൊപ്പി നൗഫൽ നേതൃത്വത്തിലുള്ള സംഘത്തിന്റെ വധശ്രമത്തിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിൽ നൗഫൽ ഉപ്പള റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ആ സംഭവം കൊലപാതകമാണെന്ന സംശയവും ഉയർന്നിരുന്നു. ഇതിന് പ്രതികാരമായാണ് ആരിഫിനെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കൊലയാളികൾ സഞ്ചരിച്ചിരുന്ന കേരള രജിസ്ട്രേഷനിലുള്ള ഇന്നോവ കാർ കര്‍ണാടകയിലെ വിറ്റ്ളയ്ക്കു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഉടമ മലയാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.




