കോട്ടയം: തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള 48 മണിക്കൂർ ഡ്രൈഡേയും തുടർച്ചയായ അവധിദിനങ്ങളും മുതലെടുക്കാൻ ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും അനധികൃത മദ്യവിൽപന വ്യാപകമാകുന്നു. ഡ്രൈഡേ മുന്നിൽക്കണ്ട് വൻതോതിൽ മദ്യം സ്റ്റോക്ക് ചെയ്യുന്നതായും ആവശ്യക്കാർക്ക് വീട്ടുപടിക്കൽ എത്തിച്ചു നൽകുന്നതായും വിവരമുണ്ട്. ചങ്ങനാശേരി ടൗൺ, തൃക്കൊടിത്താനം, കോട്ടമുറി, പറാൽ, പായിപ്പാട് തുടങ്ങിയ മേഖലകളിലാണ് ഇത്തരം സംഘങ്ങൾ സജീവമായിരിക്കുന്നത്.
ബെവ്‌റിജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് വൻതോതിൽ മദ്യം വാങ്ങിയ ശേഷം അത് ചെറിയ കുപ്പികളിലേക്ക് പകർത്തിയാണ് വിൽപന നടത്തുന്നത്. ഇതിനായി ആക്രിക്കടകളിൽ നിന്ന് പഴയ ചെറിയ കുപ്പികൾ ശേഖരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പിടിക്കപ്പെടാതിരിക്കാൻ മറ്റ് ആളുകളെ ഉപയോഗിച്ചാണ് ബെവ്‌റിജസിൽ നിന്ന് മദ്യം വാങ്ങിക്കുന്നത്. മുൻപ് സമാനമായ കേസുകളിൽ അറസ്റ്റിലായി പുറത്തിറങ്ങിയവർ തന്നെയാണ് വീണ്ടും ഈ കച്ചവടത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന.
ഡ്രൈഡേ സമയത്ത് മദ്യം ലഭ്യമല്ലാത്ത സാഹചര്യം മുതലെടുത്ത് വലിയ ലാഭം കൊയ്യുകയാണ് ഈ സംഘങ്ങളുടെ ലക്ഷ്യം. അനധികൃത മദ്യവിൽപനയും വിതരണവും തടയാൻ പൊലീസും എക്സൈസും പരിശോധന കർശനമാക്കിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളിൽ മദ്യം കൈവശം വെക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മേഖലയിൽ വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.




