ഒട്ടാവ: കാനഡയിലെ സറേയിൽ ഇന്ത്യൻ വംശജനായ യുവാവ് വെടിയേറ്റ് മരിച്ചു. സള്ളിവൻ ഹൈറ്റ്‌സിലെ ടൗൺഹൗസ് സമുച്ചയത്തിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടത് 27കാരനായ ജസ്മാൻ സെഖോൺ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളിൽ ജസ്മാൻ മുമ്പ് പൊലീസ് നിരീക്ഷണത്തിലുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇത് സംഘടിത കുറ്റകൃത്യ സംഘങ്ങൾ നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബ് സ്വദേശിയാണ് ജസ്മാൻ സെഖോൺ.
സാക്ഷികളുടെ മൊഴിപ്രകാരം, കറുത്ത നിറത്തിലുള്ള എസ്‌യുവി വാഹനത്തിൽ എത്തിയ സംഘം ജസ്മാനെ പിന്തുടർന്ന ശേഷം രണ്ട് പേർ ഇറങ്ങി വെടിയുതിർക്കുകയായിരുന്നു.
സംഭവ സ്ഥലത്തിന് സമീപത്ത് കത്തിച്ച നിലയിൽ ഒരു വാഹനം കണ്ടെത്തിയിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കാൻ കുറ്റസംഘങ്ങൾ വാഹനം കത്തിക്കുന്ന പതിവ് നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ വാഹനത്തിന് കേസുമായി ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ സറേയിൽ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ വെടിവെയ്പ്പ് സംഭവമാണിത്.




