കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഫറോക്കിൽ സംഘർഷം. മാത്തോട്ടം കോർപറേഷൻ 54-ാം ഡിവിഷനിലെ സലഫി മദ്രസ ബൂത്തിലെ എൽഡിഎഫ് ബൂത്ത് ഏജൻ്റായ പി ഷാനിലിനും മകൻ പി മുഹമ്മദ് അസദിനും നേരെ ലീഗ് പ്രവർത്തകന്റെ മർദനമുണ്ടായി.
വോട്ടെടുപ്പ് പ്രവർത്തനങ്ങൾക്കിടെ പ്രകോപനം സൃഷ്ടിക്കാനാണ് ഇരുവരെയും മർദിച്ചതെന്ന് എൽഡിഎഫ് നേതൃത്വം ആരോപിച്ചു. എന്നാൽ, എൽഡിഎഫ് നേതൃത്വവും പ്രവർത്തകരും സംയമനം പാലിച്ചതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഒഴിവായി.
വോട്ടിങ് ദിനത്തിൽ അരക്കിണർ 53-ാം ഡിവിഷനിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തകരാറിലായത് പോളിംഗിനെ ബാധിച്ചിരുന്നു. മൂന്നരയോടെയായിരുന്നു സംഭവം. യന്ത്രം തകരാറിലായതിനെ തുടർന്ന് ഒരു മണിക്കൂറോളം പോളിങ് തടസ്സപ്പെട്ടു.പകരം പുതിയ യന്ത്രം എത്തിച്ച ശേഷമാണ് പോളിങ് പുനരാരംഭിച്ചത്. നിശ്ചിത സമയത്തിനകം വോട്ടെടുപ്പ് അവസാനിക്കില്ലെന്ന് ആശങ്ക ഉയർന്നതിനെ തുടർന്ന് ക്യൂവിൽ നിന്ന എല്ലാവർക്കും ടോക്കൺ നൽകി. എങ്കിലും കൃത്യസമയത്ത് തന്നെ പോളിങ് പൂർത്തിയാക്കാൻ സാധിച്ചു




