പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് മൺസൂൺ പിന്മാറ്റം തുടങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണയായി സെപ്റ്റംബർ 17–ാം തീയതിയാണ് പിന്മാറ്റം തുടങ്ങാറുള്ളത്. എന്നാൽ ഇത്തവണ 3 ദിവസം മുൻപ് തന്നെ രാജസ്ഥാനിൽ നിന്ന് പിന്മാറി (ഇത്തവണ 10 ദിവസം മുൻപ് തന്നെ ഈ മേഖലയിൽ മൺസൂൺ എത്തിയിരുന്നു). കഴിഞ്ഞ വർഷം സെപ്റ്റംബർ 23 ആയിരുന്നു പിന്മാറ്റ ആരംഭം.
മൺസൂൺ പിന്മാറ്റം പ്രഖ്യാപിക്കാനുള്ള പ്രധാന മാനദണ്ഡങ്ങൾ
∙ 1.5 കിലോമീറ്റർ ഉയരത്തിൽ ഉയർന്ന മർദമേഖല രൂപപ്പെടൽ
∙ തുടർച്ചയായി 5 ദിവസം മഴ ലഭിക്കാതിരിക്കുക
∙ അന്തരീക്ഷത്തിലെ ഈർപ്പം കുറയുക
അടുത്ത 2–3 ദിവസങ്ങളിൽ രാജസ്ഥാനിലെ കൂടുതൽ ഭാഗങ്ങളിൽ നിന്നും, കൂടാതെ പഞ്ചാബിന്റെയും ഗുജറാത്തിന്റെയും ചില ഭാഗങ്ങളിൽ നിന്നും മൺസൂൺ പിന്മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി. കാലവർഷം ദുർബലമായതോടെ പകൽ താപനില ഉയരുന്നുണ്ട്. തമിഴ്നാട് പാളയംകോട്ടയിൽ 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മധുര–38, പുനലൂർ–34.5 എന്നിങ്ങനെയാണ് കണക്ക്.
തെലങ്കാനയ്ക്ക് മുകളിൽ ന്യൂനമർദം
അതേസമയം, വടക്കൻ തെലങ്കാനയ്ക്കും വിദർഭയ്ക്കും മുകളില്‍ ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. ഇത് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങും. തെക്കുപടിഞ്ഞാറൻ മൺസൂൺ ആന്ധ്രപ്രദേശിന്റഎ തീരദേശമേഖലയിലും യാനമിലും സജീവമാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ആന്ധ്രപ്രദേശിന്റെ തെക്കൻതീരദേശമേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.




