കടുത്ത വേനൽച്ചൂടിന് പിന്നാലെ നാടിനെ വലച്ച് കൊതുകുശല്യം വർധിക്കുന്നു. പടിഞ്ഞാറൻ, കിഴക്കൻ മേഖലകളിൽ കൊതുകിന്റെ സാന്ദ്രത ക്രമാതീതമായി ഉയർന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. വേനൽ കടുത്തതോടെ കൈത്തോടുകളിലും അഴുക്കുചാലുകളിലും നീരൊഴുക്ക് നിലച്ചതും പലയിടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതുമാണ് കൊതുകുകൾ പെരുകാൻ പ്രധാന കാരണമാകുന്നത്. ഇതിനുപുറമെ, പെയ്ത വേനൽമഴയിൽ റബർ തോട്ടങ്ങളിലെ ചിരട്ടകളിലും പൈനാപ്പിൾ തോട്ടങ്ങളിലെ കൈതപ്പോളകളിലും വെള്ളം കെട്ടിനിന്നതോടെ ഇവിടങ്ങൾ കൊതുകുകളുടെ പ്രധാന ആവാസകേന്ദ്രങ്ങളായി മാറി. ചൂട് കൂടുന്ന സാഹചര്യത്തിൽ കൊതുകുകളുടെ പ്രജനനം വേഗത്തിലാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൊതുകുശല്യം വർധിക്കുന്നത് ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾ പടരാൻ കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ വീടുകളുടെ ജനാലകളിലും എയർ ഹോളുകളിലും നെറ്റുകൾ സ്ഥാപിച്ചാണ് പലരും കൊതുകുകളെ പ്രതിരോധിക്കുന്നത്. വ്യക്തിപരമായ ജാഗ്രതയിലൂടെയും ശുചിത്വത്തിലൂടെയും കൊതുകുശല്യം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. ചിരട്ടകൾ, ടയറുകൾ, കുപ്പികൾ, പൂച്ചട്ടികൾ, കൂജകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. വീടിനു ചുറ്റുമുള്ള വെള്ളക്കെട്ടുകൾ നീക്കം ചെയ്യുകയും കൊതുക് മുട്ടയിടാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുകയും വേണം. രാത്രികാലങ്ങളിൽ കൊതുകുവലകൾ ഉപയോഗിക്കുന്നത് ലളിതവും എന്നാൽ ഏറ്റവും ഫലപ്രദവുമായ പ്രതിരോധ മാർഗമാണ്. കൊതുകിനെ തുരത്താൻ അംഗീകൃത കൊതുകുവിരുദ്ധ ലോഷനുകളോ ക്രീമുകളോ ഉപയോഗിക്കാവുന്നതാണ്. വൈകുന്നേരങ്ങളിൽ കൊതുകുകൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ വാതിലുകളും ജനലുകളും അടച്ചിടാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടായ പരിശ്രമത്തിലൂടെയും ശരിയായ മുൻകരുതലുകളിലൂടെയും മാത്രമേ പകർച്ചവ്യാധികളെ തടയാൻ സാധിക്കൂ എന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.



