കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ സീറ്റ് ആവശ്യപ്പെടാനുള്ള നീക്കവുമായി മുസ്ലിം ലീഗ്. നിലവിൽ കോൺഗ്രസ് പ്രതിനിധീകരിക്കുന്ന കൽപ്പറ്റ മണ്ഡലം ലീഗിന് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പാർട്ടിയിൽ സമ്മർദ്ദം ശക്തമാകുകയാണ്. ടി. സിദ്ദിഖ് എംഎൽഎ പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കൽപ്പറ്റ. സീറ്റ് ആവശ്യപ്പെടണമെന്ന ആവശ്യം മുസ്ലിം ലീഗ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ആവശ്യം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറാനാണ് സാധ്യത. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ പ്രകടനമാണ് ഈ നീക്കത്തിന് അടിസ്ഥാനമാകുന്നത്.
അതേസമയം, ജെആർപിയെ യുഡിഎഫിലെ അസോസിയേറ്റ് അംഗമായി ഉൾപ്പെടുത്തിയതോടെ വയനാട്ടിൽ സി.കെ. ജാനുവിന്റെ സ്ഥാനാർഥിത്വവും ചർച്ചയിലായി. മാനന്തവാടി മണ്ഡലത്തിൽ മത്സരിക്കാനാണ് ജെആർപിക്ക് താൽപര്യമെന്നും യുഡിഎഫ് അത് പരിഗണിക്കണമെന്നും സി.കെ. ജാനു ഏ പറഞ്ഞു. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മാനന്തവാടിയിൽ യുഡിഎഫിന് പതിനൊന്നായിരത്തിലധികം വോട്ടിന്റെ മുൻതൂക്കം ലഭിച്ചിരുന്നു.
ഭൂമിയ്ക്കുള്ള അവകാശത്തിനായി നടന്ന കേരളത്തിലെ ഏറ്റവും ശക്തമായ ആദിവാസി സമരങ്ങളിലൊന്നായിരുന്നു മുത്തങ്ങ സമരം. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തെ പൊലീസ് അതിക്രമത്തിന് അടുത്ത മാസം 23 വർഷം പൂർത്തിയാകും. മുത്തങ്ങ സമരത്തിലൂടെ ശ്രദ്ധേയയായ സി.കെ. ജാനു പിന്നീട് ജെആർപി രൂപീകരിച്ച് എൻഡിഎയിൽ ചേർന്നു. രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബത്തേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനമാണ് ലഭിച്ചത്. എൻഡിഎ വിട്ട് യുഡിഎഫിൽ ചേർന്ന ശേഷം ഇത്തവണ മാനന്തവാടിയിൽ നിന്ന് മത്സരിക്കുമോ എന്നതാണ് ഇപ്പോഴത്തെ ആകാംക്ഷ. മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലത്തിൽ അദ്ദേഹത്തിനെതിരെ മത്സരിക്കാനുള്ള താൽപര്യവും സി.കെ. ജാനു വ്യക്തമാക്കിയിട്ടുണ്ട്.




