ഒല്ലൂർ : ഒല്ലൂർ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ. രാജന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദി മനുഷ്യവേദനയുടെയും അതിജീവനത്തിന്റെയും വികാരനിർഭരമായ സാക്ഷിയായി മാറി. മൂർക്കനിക്കരയില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തിനിടെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദൃശ്യങ്ങൾ അരങ്ങേറിയത്. ചൂരല്‍മല ദുരന്തത്തില്‍ തന്റെ മൂന്ന് മക്കളെയും നഷ്ടപ്പെട്ട സയന, മന്ത്രിയെ കാണാനായി വേദിയിലെത്തുകയായിരുന്നു. പരിപാടി കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങവെ മന്ത്രിയുടെ അരികിലെത്തിയ സയന “ഒന്ന് കെട്ടിപ്പിടിച്ചോട്ടെ…” എന്ന് ചോദിച്ചപ്പോൾ കണ്ടുനിന്നവർ പോലും ഒരു നിമിഷം വിറങ്ങലിച്ചു പോയി.
സമ്മതം മൂളിയ സ്ഥാനാർത്ഥിയെ കണ്ണീരോടെ ആലിംഗനം ചെയ്ത സയനയുടെ പ്രതികരണം ഒരു രാഷ്ട്രീയ നേതാവിനോടുള്ള സാധാരണ അഭിവാദ്യമായിരുന്നില്ല; മറിച്ച്, ഉറ്റവർ നഷ്ടപ്പെട്ട വേദന പങ്കുവെക്കാനുള്ള ഒരാശ്രയമായിരുന്നു അത്. ആലിംഗനത്തിന് പിന്നാലെ “ജയിച്ചിട്ട്… മക്കളെ കാണാൻ വരണം…” എന്ന് സയന പറഞ്ഞപ്പോള്‍ മറുപടി പറയാൻ വാക്കുകള്‍ കണ്ടെത്താനാകാതെ കെ. രാജൻ വികാരാധീനനായി തലകുലുക്കി. ചൂരല്‍മല ദുരന്തത്തില്‍ ധ്യാൻ, നിവേദ്, ഇഷാൻ എന്നീ മൂന്ന് മക്കളെയാണ് സയനയ്ക്ക് ഒരേദിവസം നഷ്ടമായത്. രാഷ്ട്രീയ പ്രസംഗങ്ങളും വാദപ്രതിവാദങ്ങളും നിറഞ്ഞ പ്രചാരണച്ചൂടിനിടയിൽ മനുഷ്യത്വത്തിന്റെ ഹൃദയസ്പർശിയായ അടയാളമായി ഈ നിമിഷം മാറി.


