പത്തനംതിട്ട: ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വീണാ ജോർജിനെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ സിപിഐഎം പരാതി നൽകി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കുമാണ് പാർട്ടി പരാതി നൽകിയത്. വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഐഎം നേതാവ് ഓമല്ലൂർ ശങ്കരനാണ് പരാതിയുമായി അധികൃതരെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് താഴെ സംഘടിതമായി അസഭ്യമായ കമന്റുകൾ പ്രചരിപ്പിക്കുന്നുവെന്നാണ് പ്രധാന പരാതി. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി വോട്ട് അഭ്യർത്ഥിക്കുമ്പോൾ, അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം വ്യക്തിഹത്യ നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സിപിഐഎം ആരോപിച്ചു.
അതേസമയം, വയനാട് ദുരിതാശ്വാസ ഫണ്ട്, യൂത്ത് കോൺഗ്രസ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയില്ലാത്തതിനാലാണ് യുഡിഎഫ് തരംതാണ സൈബർ ആക്രമണങ്ങളിലേക്ക് കടക്കുന്നതെന്ന് ഓമല്ലൂർ ശങ്കരൻ കുറ്റപ്പെടുത്തി. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നുമാണ് പരാതിയിലെ ആവശ്യം.




