കാബൂൾ: പാക്–അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമായി. ഖോസ്ത് പ്രവിശ്യയിലെ താനി ജില്ലയിൽ ഞായറാഴ്ച രാത്രി ഉണ്ടായ ഏറ്റുമുട്ടലിൽ ആറു പാകിസ്താൻ സൈനികരെ വധിച്ചതായി താലിബാൻ അവകാശപ്പെട്ടു.
രാത്രിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ വേഗത്തിൽ ശക്തമായതായാണ് റിപ്പോർട്ടുകൾ. ഇരുസൈന്യവും പരസ്പരം വെടിവെപ്പും ഷെല്ലിങ്ങും നടത്തി. നിരവധി പാകിസ്താൻ സൈനികർക്ക് പരിക്കേറ്റതായും അതിർത്തിയിലെ ഒരു സൈനിക പോസ്റ്റ് പിടിച്ചെടുത്തതായും താലിബാൻ ഭരണകൂടം അറിയിച്ചു. എന്നാൽ, സംഭവത്തെക്കുറിച്ച് പാകിസ്താന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഒരിടവേളയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ വീണ്ടും സംഘർഷം ഉയരുന്നത്. പാകിസ്താനിൽ ആക്രമണങ്ങൾ നടത്തുന്ന തെഹ്രീകെ താലിബാൻ പാകിസ്താൻ (ടിടിപി) സംഘടനയ്ക്ക് അഫ്ഗാനിലെ താലിബാൻ പിന്തുണ നൽകുന്നുവെന്നാരോപിച്ച് പാകിസ്താൻ പലപ്പോഴും അഫ്ഗാനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ മുതൽ അതിർത്തിയിൽ ഇടയ്ക്കിടെ സംഘർഷം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ശമിച്ചിരുന്നു. എന്നാൽ ഫെബ്രുവരി അവസാനത്തോടെ വീണ്ടും സംഘർഷം ശക്തമായി. ഇതിന്റെ ഭാഗമായി കാബൂളടക്കമുള്ള പ്രദേശങ്ങളിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയതായും, ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും താലിബാൻ തിരിച്ചടിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആശുപത്രികൾ അടക്കം ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും ആരോപണമുണ്ട്.




