കോഴിക്കോട്: ഫോൺപേയുടെ വ്യാജ ആപ്ലിക്കേഷൻ നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ റൂബിൻ രാജ്, ഹജ്സൽ ഹമീൻ എന്നിവരാണ് അറസ്റ്റിലായത്. സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
വടകര റെയിൽവേ സ്റ്റേഷനിൽ യുവതികളിൽ നിന്ന് പണം തട്ടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ കുടുങ്ങിയത്. പണം അടിയന്തരമായി ആവശ്യപ്പെട്ട്, പിന്നീട് ഓൺലൈനായി തിരികെ നൽകാമെന്ന് പറഞ്ഞാണ് ഇവർ സമീപിച്ചത്. വിശ്വസിച്ച യുവതികൾ പണം നൽകിയതോടെ, വ്യാജ ആപ്ലിക്കേഷൻ വഴി പണം അയച്ചതായി കാണിക്കുന്ന സ്ക്രീൻഷോട്ട് കാണിച്ച് രക്ഷപ്പെടാനായിരുന്നു ശ്രമം.
യഥാർത്ഥ ഇടപാട് നടക്കാതെ, കൃത്രിമമായി തയ്യാറാക്കിയ ഇന്റർഫേസ് ഉപയോഗിച്ച് ട്രാൻസാക്ഷൻ നടന്നതായി തോന്നിപ്പിക്കുന്ന രീതിയിലാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംശയം തോന്നിയ യുവതികൾ ഉടൻ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് സൈബർ ക്രൈം പൊലീസ് എത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.




