ആലപ്പുഴ: കായംകുളം എംഎൽഎയും മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ യു. പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ മുസ്ലിം ലീഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടു.
പ്രതിഭ ഉൾപ്പെടെയുള്ളവരുടെ പരാതിയെ അടിസ്ഥാനമാക്കി കായംകുളം പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങളിലൂടെ അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കൂടാതെ വിവര സാങ്കേതിക നിയമപ്രകാരമുള്ള കുറ്റവും ചേർത്തിട്ടുണ്ട്.
ഒരു സ്ത്രീക്കെതിരെ അപമാനകരമായ പരാമർശം നടത്തുന്നത് സമൂഹത്തിന് യോജിച്ചതല്ലെന്നും, അതിനെതിരെ ശക്തമായ സന്ദേശം നൽകേണ്ടതുണ്ടെന്നും പ്രതിഭ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണവും വ്യക്തിഹത്യയും നടക്കുന്നതായും അവർ ആരോപിച്ചു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന ഇർഷാദ്, യു.ഡി.എഫ് സ്ഥാനാർഥിയായ എം. ലിജുവിന്റെ തിരഞ്ഞെടുപ്പ് യോഗത്തിലാണ് വിവാദ പരാമർശം നടത്തിയത്. സംഭവം വിവാദമായതോടെ ഇർഷാദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. പരാമർശത്തിൽ ഇർഷാദ് പിന്നീട് ഖേദം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.




