വാഷിങ്ടൺ: ഇറാനിൽ തകർന്നു വീണ അമേരിക്കൻ പോർവിമാനത്തിലെ പൈലറ്റിനെ അമേരിക്കൻ സൈന്യം രക്ഷപെടുത്തുന്നതിനിടെ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം തകർത്ത എഫ്-15ഇ പോർവിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ഇപ്പോൾ രക്ഷിക്കപ്പെട്ടത്.
ആയുധ നിയന്ത്രണ ചുമതലയുള്ള സൈനികനായിരുന്നു ഇദ്ദേഹം. ആദ്യ പൈലറ്റിനെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നുവെങ്കിലും രണ്ടാമത്തെ ദൗത്യം ബാധിക്കുമെന്ന ആശങ്കയിൽ അത് ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. ഇറാനിലെ ദുർഘടമായ മലനിരകളിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്.
രക്ഷാപ്രവർത്തനത്തിനിടെ ശത്രുക്കളുടെ കയ്യിൽ ആധുനിക ആയുധങ്ങൾ എത്താതിരിക്കാനായി അമേരിക്കയ്ക്ക് സ്വന്തം വിമാനങ്ങൾ തന്നെ നശിപ്പിക്കേണ്ടിവന്നു. സാങ്കേതിക തകരാറിനെ തുടർന്ന് കുടുങ്ങിയ രണ്ട് ഗതാഗത വിമാനങ്ങൾ സ്ഫോടനത്തിലൂടെ തകർത്തതായാണ് വിവരം. പിൻവാങ്ങുന്നതിനിടെ അവ ഉപേക്ഷിക്കാൻ സൈന്യം നിർബന്ധിതരായതായും റിപ്പോർട്ടുകൾ പറയുന്നു.
രക്ഷപ്പെടുത്തിയ സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും സുരക്ഷിതനാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ദൗത്യത്തിനായി നിരവധി ആയുധസജ്ജമായ വിമാനങ്ങൾ വിന്യസിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു.
അതേസമയം, അമേരിക്കയുടെ അവകാശവാദങ്ങളെ ഇറാൻ വിമർശിച്ചു. തകർന്ന വിമാനങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ ഖാലിബാഫ് പരിഹസിക്കുകയും ഇത്തരം ‘വിജയങ്ങൾ’ തുടർന്നാൽ അമേരിക്കയ്ക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും പ്രതികരിച്ചു.




