മലപ്പുറം: ചാലിയാർ പഞ്ചായത്തിലെ പെരുവമ്പാടം വാർഡിൽ ആദിവാസികളുടെ വോട്ട് ബഹിഷ്കരണം. ഇതിനെ തുടർന്ന് പോളിങ് 69.21 ശതമാനത്തിൽ ഒതുങ്ങി.
ചാലിയാർ പഞ്ചായത്തിലെ പതിനാറാം വാർഡായ പെരുമ്പാടത്താണ് ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് പെരുവമ്പാടം നഗറിലെ കുടുംബങ്ങൾ വോട്ട് ബഹിഷ്കരിച്ചത്.
വർഷങ്ങളായി സ്ഥലപരിമിതിമൂലം പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് അധികൃതരുടെ ഉറപ്പല്ലാതെ ഭൂമി ലഭിക്കാത്ത സാഹചര്യത്തിൽ വോട്ട് ബഹിഷ്കരണം അറിയിച്ച് കുടുംബങ്ങൾ ബോർഡുകൾ സ്ഥാപിച്ചിരുന്നു.
രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും പലതവണ ഇവരോട് വോട്ട് ബഹിഷ്കരണത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബഹിഷ്കരണത്തിൽ വോട്ടർമാർ ഉറച്ചുനിന്നതാണ് പോളിങ്ങിൽ കുറവിന് ഇടയാക്കിയത്. 829 വോട്ടർമാരിൽ 576 പേർ മാത്രമാണ് വോട്ടവകാശം രേഖപ്പെടുത്തിയത്. ഇതിൽ അഞ്ച് പോസ്റ്റൽ വോട്ടും ഉൾപ്പെടും.
ഇതോടെ പോളിങ് ശതമാനം 69.49 ശതമാനത്തിൽ ഒതുങ്ങി.




