‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബിബിൻ അശോക് ആണ്. ഓണം മൂഡ്’ എന്ന ഗാനം ആലപിച്ചത് ഫെജോ ആണ്.
‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്‍ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൻ്റെ പോസ്റ്ററുകൾ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ”സരിഗമാ ” ആണ് ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം നേടിയത്.
ഓണാഘോഷം സമ്മാനിക്കുന്ന ഉത്സവാന്തരീക്ഷമാണ് “ഓണം മൂഡ്” എന്ന ഗാനത്തിന്റെ ഹൈലൈറ്റ്. ഓണക്കാലത്ത് യുവാക്കൾക്കിടയിലും കോളേജ് കാമ്പസുകളിലും തരംഗമായി മാറും എന്ന തരത്തിലുള്ള പ്രേക്ഷക പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. റംസാൻ, ഗൗരി കിഷൻ എന്നിവരുടെ തകർപ്പൻ ഡാൻസ് ആണ് ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇവർക്കൊപ്പം ശബരീഷ് വർമ്മ, ജീവ ജോസഫ്, നരെയ്ൻ, ഭഗത് മാനുവൽ തുടങ്ങി ചിത്രത്തിലെ ഒട്ടേറെ താരങ്ങൾ ചുവടു വെക്കുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിലാണ് ഗാനരംഗം ഒരുക്കിയിരിക്കുന്നത്.




