ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ റസിഡൻഷ്യൽ കെട്ടിടത്തിലെ പെന്റ്ഹൗസിനെച്ചൊല്ലിയ തർക്കത്തിനിടെ നടന്ന പ്രതിഷേധത്തിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ വനിത ടെക്കിക്ക് ജീവൻ നഷ്ടമായി. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ കുൽദീപ് ചൗധരി, മകൻ മോഹിത് ചൗധരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശംപ പഥക് പാണ്ഡെ എന്ന യുവതിയാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ ശംപ പ്രമുഖ വിവരസാങ്കേതിക സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്ന. ഏഴുനില കെട്ടിടത്തിന്റെ മുകളിൽ പെന്റ്ഹൗസ് ഒരുക്കി അത് വാടകയ്ക്ക് നൽകിയതിനെതിരെ താമസക്കാർ പ്രതിഷേധം നടത്തിയിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ പ്രതികൾ കാർ പ്രതിഷേധക്കാർക്കിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് പ്രതികളെ പൊലീസ് പിടികൂടി. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.




