തിരുവനന്തപുരം: വികസിത കേരളം ലക്ഷ്യമിട്ട് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ആണ് പത്രിക പുറത്തിറക്കിയത്. മേയർ വി.വി. രാജേഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഘടകകക്ഷി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പാവപ്പെട്ട കുടുംബങ്ങൾക്ക് ഓണത്തിനും ക്രിസ്മസിനും സൗജന്യ എൽപിജി സിലിണ്ടർ നൽകും, എയിംസ് പദ്ധതി യാഥാർത്ഥ്യമാക്കും, ഓരോ വീടിനും 20,000 ലിറ്റർ സൗജന്യ കുടിവെള്ളം നൽകും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ. കൂടാതെ 3,000 രൂപ ക്ഷേമ പെൻഷൻ, അതിവേഗ റെയിൽ ശൃംഖല, ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം എന്നിവയും പ്രഖ്യാപിച്ചു.
ഇതിനൊപ്പം, പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ റീചാർജ് ഉള്ള ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡ് നൽകും. എല്ലാ വിളകൾക്കും താങ്ങുവില ഉറപ്പാക്കുമെന്നും ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാവർക്കും ലഭ്യമാക്കുമെന്നും പ്രഖ്യാപിച്ചു. തൊഴിൽ സൃഷ്ടിക്കാനായി ഓരോ നിയമനത്തിനും ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കുമെന്നും, നഗരസഭകളെ സാമ്പത്തിക വികസന കേന്ദ്രങ്ങളാക്കുന്നതിനുള്ള പ്രത്യേക പദ്ധതികളും നടപ്പിലാക്കുമെന്നും എൻഡിഎ അറിയിച്ചു.




