ചെന്നൈ: മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം. ചെന്നൈയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് ചരിത്രത്തിലാദ്യമായാണ് വനിതകളെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായി കേരളത്തില്‍ നിന്ന് ജയന്തി രാജനും തമിഴ്നാട്ടില്‍ നിന്ന് ഫാത്തിമ മുസഫറെയും ഉള്‍പ്പെടുത്തി.
ചെന്നൈയിലെ പൂനമല്ലി ഹൈറോഡിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം ചേർന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 500ലധികം പ്രതിനിധികൾ ദേശിയ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങളും ദേശീയ കമ്മിറ്റിയിലെത്തി.
കെപിഎ മജീദിനെ ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു. ഹാരിസ് ബീരാനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. മുന്‍ എംഎല്‍എ ടിഎ അഹമ്മദ് കബീറിനെ ദേശീയ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഫൈസല്‍ ബാബുവും ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായി ദേശീയ കമ്മിറ്റിയിലെത്തി. കെ സൈനുല്‍ ആബിദും പുതുതായി കമ്മിറ്റിയിലെത്തി.






