തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ”കൂടെയുണ്ട് കരുത്തേകാൻ” പദ്ധതി ജൂൺ 2 ന് തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൗമാര വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഹയർ സെക്കന്ററി അക്കാദമിക വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിനൊപ്പം വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. റാഗിംഗ്, അക്രമവാസന, നശീകരണ പ്രവർത്തനങ്ങൾ, ലഹരി ഉപയോഗം, വാഹന ദുരുപയോഗം തുടങ്ങിയവയ്ക്ക് ശാസ്ത്രീയ മാർഗങ്ങളിലൂടെ ശാശ്വത പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, നിയമാവബോധം എന്നിവയിൽ കൃത്യമായ ധാരണ സൃഷ്ടിക്കുകയും കേരള പാഠ്യപദ്ധതി ലക്ഷ്യമിടുന്ന ജ്ഞാന സമൂഹ നിർമ്മിതിയിൽ പങ്കാളികളാകാൻ അനുയോജ്യരായ ഒരു തലമുറയെ സൃഷ്ടിക്കുകയും ചെയ്യുക മറ്റൊരു ലക്ഷ്യമാണ്.
41 വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകളിൽ ഒരോന്നിൽ നിന്നും ഒരു സൗഹൃദ ക്ലബ് കോർഡിനേറ്ററെയും, ഒരു നാഷണൽ സർവിസ് സ്‌കീം കോർഡിനേറ്ററെയും ഉൾപ്പെടുത്തി രൂപീകരിക്കുന്ന പരിശീലക ടീമിന് സംസ്ഥാനതലത്തിൽ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.
Content: Department of General Education to launch ‘Koodeyund Karuthekaan’ project from June 2






