കൊച്ചി: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന കനത്തമഴയിൽ വ്യാപക നാശനഷ്ടമുണ്ടായതിനെത്തുടർന്ന് കൊച്ചി നഗരത്തിലെ മഴക്കാലവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രന്ത നിവാരണ സേനയെ രൂപീകരിച്ച് കോർപ്പറേഷൻ. 160 അംഗ ദുരന്ത നിവാരണ സേനയെയാണ് കൊച്ചി കോർപ്പറേഷൻ രൂപീകരിച്ചത്. വെള്ളക്കെട്ട്, മരങ്ങൾ കടപുഴകി വീഴൽ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനാണ് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗത്തിന്റെ ഈ സംരംഭം.
ഇന്നുമുതൽ ഈ ടീമുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാകുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്‌റഫ് പറഞ്ഞു. ഫോർട്ട് കൊച്ചി, പള്ളുരുത്തി, വൈറ്റില, കൊച്ചി സെൻട്രൽ എന്നീ നാല് സോണുകളിൽ നിന്ന് നിരീക്ഷിക്കാനും പ്രവർത്തിക്കാനും ഈ 160 അംഗങ്ങളെ നാല് സ്ക്വാഡുകളായി വിഭജിക്കുമെന്നും നഗരത്തിൽ വെള്ളപ്പൊക്കം തടയുന്നതിൽ ആരോഗ്യ-പ്രളയ സ്ക്വാഡ് ശ്രദ്ധ കേന്ദ്രീകരിക്കും എന്നും ഇദ്ദേഹം വ്യക്തമാക്കി.



