ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വീട്ടിലെത്തിച്ചപ്പോൾ അമ്മ എവിടെയെന്ന് അജീഷ് പൊലീസിനോട് ചോദിച്ചു. തുടർന്ന് വീട് ഇത്തരത്തിലായിരുന്നില്ലെന്നും സംഭവസ്ഥലത്തെ കാഴ്ചകൾ കള്ളമാണെന്നും തനിക്കെതിരായ നീക്കമാണിതെന്നും പ്രതി തെളിവെടുപ്പിനിടെ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് പിന്നാലെ അജീഷ് വിചിത്രമായ രീതിയിലാണ് പെരുമാറിയതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരും അധികൃതരും സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്ന ഇയാൾ വീട്ടിലിരുന്ന് ബൈബിൾ വായിക്കുകയും കൈയിൽ കൊന്ത പിടിച്ചിരിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളെ താൻ ‘ദൈവത്തിനടുത്തേക്ക് പറഞ്ഞയച്ചു’ എന്നാണ് സ്ഥലത്തെത്തിയവരോട് അജീഷ് പറഞ്ഞത്.
എഐയാണ് ഇത് ചെയ്യിച്ചതെന്നും എല്ലാം തോന്നിപ്പിച്ചതാണെന്നും മായയാണെന്നും ഉൾപ്പെടെ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അജീഷ് പൊലീസിനോട് പറഞ്ഞത്. പിന്നീട് താൻ നിരപരാധിയാണെന്നും സംഭവങ്ങളെല്ലാം കള്ളമാണെന്നും പറഞ്ഞ് മൊഴി മാറ്റാനും ശ്രമിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് മാതാപിതാക്കളായ ആന്റണിയെയും വത്സമ്മയെയും അജീഷ് ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിന് അയച്ചിരുന്നു. ദൃശ്യങ്ങൾ കണ്ട ബന്ധു വിവരം പള്ളി വികാരിയെ അറിയിച്ചു. തുടർന്ന് വികാരിയും പഞ്ചായത്ത് അംഗവും പൊലീസും സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ലഹരിക്ക് അടിമയായിരുന്ന അജീഷ് വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കിട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. അജീഷ് ഡി-അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നെന്നും രണ്ടാഴ്ച മുമ്പാണ് ചികിത്സ പൂർത്തിയാക്കി വീട്ടിൽ തിരിച്ചെത്തിയതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കൊലപാതകം നടക്കുമ്പോൾ ആന്റണിയുടെ പ്രായമായ മാതാവും വീട്ടിലുണ്ടായിരുന്നു.











