ഹോളിവുഡിലേക്ക് ചുവടുവെക്കാനൊരുങ്ങി ബോളിവുഡ് താരം ദിഷ പഠാനി. ഓസ്‌കാർ ജേതാവ് കെവിൻ സ്‌പേസി സംവിധാനം ചെയ്യുന്ന ഹോളിഗാർഡ്‌സ് എന്ന അമാനുഷിക ആക്ഷൻ-ത്രില്ലറിലൂടെയാണ് താരം ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത് . ത്രില്ലിംഗ് സൂപ്പർ നാച്ചുറൽ ആക്ഷൻ വാഗ്ദാനം ചെയ്യുന്ന ചിത്രം, പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിൽ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. മെക്സിക്കോയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിഷയെ കൂടാതെ ഡോൾഫ് ലണ്ട്ഗ്രെൻ, ടൈറീസ് ഗിബ്‌സൺ, ബ്രിയാന ഹിൽഡെബ്രാൻഡ് തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു.
സ്റ്റാറ്റിഗാർഡ്‌സ് vs ഹോളിഗാർഡ്‌സ് എന്ന ഫ്രാഞ്ചൈസിയുടെ ഭാഗമായിരിക്കും ഈ ചിത്രം എന്നാണ് വിവരം. ദിഷ മുമ്പ് ജാക്കി ചാനൊപ്പം കുങ്ഫു യോഗയിൽ അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡ് അരങ്ങേറ്റത്തിനു പുറമേ, 2025 ൽ റിലീസ് ചെയ്യാൻ പോകുന്ന ജനപ്രിയ വെൽക്കം സീരീസിലെ മൂന്നാമത്തെ ചിത്രമായ വെൽക്കം ടു ദി ജംഗിളിനും ദിഷ തയ്യാറെടുക്കുകയാണ്. 2015 ൽ തെലുങ്ക് ചിത്രമായ ലോഫറിലൂടെയാണ് ദിഷ പട്ടാണി അഭിനയ ജീവിതം ആരംഭിച്ചത്. 2016 ൽ എം.എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി എന്ന ബയോപിക് ചിത്രത്തിലൂടെയാണ് ദിഷ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ കരിയറിലെ ഒരു സുപ്രധാന ഭാഗമാകും ഹോളിഗാർഡ്‌സ് എന്നാണ് ആരാധകർ പറയുന്നത്.






