കോഴിക്കോട്: കോഴിക്കോട്ടെ എരഞ്ഞിപ്പാലത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കരിങ്കൊടി കാണിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. യുവമോർച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിജിത്ത് ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായത്. ഇതിന് പിന്നാലെ യുവമോർച്ച പ്രവർത്തകർ രമേശ് ചെന്നിത്തല, പ്രിയങ്ക ഗാന്ധി എംപി, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർക്കെതിരെ വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം നടത്തി.
കോഴിക്കോട് ജില്ലയിൽ രമേശ് ചെന്നിത്തലയ്ക്ക് നേരെ നാല് തവണയാണ് പ്രതിഷേധം നടന്നത്. വടകര, കുറ്റ്യാടി, കൊയിലാണ്ടി, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. കൊല്ലം നീണ്ടകരയിൽ പി.സി. വിഷ്ണുനാഥിനെതിരെയും തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപം പ്രിയങ്ക ഗാന്ധിക്കെതിരെയും യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
അമിത് ഷായ്ക്ക് നേരെയുണ്ടായ പ്രതിഷേധം സുരക്ഷാ വീഴ്ചയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. വിഐപി വാഹനവ്യൂഹം കടന്നുപോയ സ്ഥലത്തിന് സമീപം പ്രതിഷേധക്കാർ എത്തിയതിലാണ് ബിജെപി സുരക്ഷാ ആശങ്ക ഉന്നയിച്ചത്.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.


